‘മാല’ക്കാരേ, നിങ്ങൾക്ക് ജീലാനിയെ അറിയുമോ?

പതിനൊന്നാം നൂറ്റാണ്ടിൽ ബഗ്‌ദാദിൽ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഇസ്‌ലാമിക പണ്ഡിതനാണ് ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി. ത്വബരിസ്ഥാനിലെ ‘ജീലാൻ’ എന്ന സ്ഥലത്ത് CE 1078 -ൽ ആണ് അദ്ദേഹത്തിൻ്റെ ജനനം. ഇസ്‌ലാമിൻ്റെ ആദർശ തനിമ സംരക്ഷിക്കാൻ, ഗ്രന്ഥങ്ങൾ രചിച്ചും മറ്റും, നിസ്തുലമായ പരിശ്രമങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി.

അൽഗുൻയ, ഫുതൂഹുൽ ഗൈബ് പോലുള്ള ബൃഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിലുൾപ്പെടുന്നുവെന്ന് ഹാഫിള് ഇബ്നു കഥീർ തന്റെ അൽബിദായ വന്നിഹായ (12/768)-യിൽ കുറിച്ചിടുന്നു. അബൂഗാലിബ് ബാക്വിലാനി, അഹ്‌മദ്‌ ബ്നുൽ മുദഫ്‌ഫർ തുടങ്ങിയവർ ഗുരുനാഥന്മാരാണ്. സംആനി, ഹാഫിദ് അബ്ദുൽ ഗനി, ഇബ്നു ക്വുദാമഃ പോലെയുള്ള മഹാന്മാരായ ശിഷ്യഗണങ്ങളുണ്ട് അദ്ദേഹത്തിന്.

എന്നാൽ ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയെ സംബന്ധിച്ചുള്ള, മുഹ്‌യിദ്ദീൻ മാല എന്ന പേരിൽ കേരളത്തിൽ പരക്കെ അറിയപ്പെടുന്ന, കീർത്തന കാവ്യത്തിൻ്റെ ഉള്ളടക്കം അദ്ദേഹം നിർവഹിച്ച മഹാദൗത്യവുമായി ഒരു നിലയ്ക്കും താദാത്മ്യം പ്രാപിക്കാൻ കഴിയാത്തതാണ്. തൗഹീദിനു വേണ്ടി നിലകൊണ്ട ആ മഹാപുരുഷനിൽ ദിവ്യത്വം ആരോപിക്കുന്ന വിധത്തിലുള്ള ശിർക്ക് നിറഞ്ഞ വരികളാണ് അദ്ദേഹത്തിൻ്റെ മരണ ശേഷം അഞ്ഞൂറ് വർഷങ്ങൾ കഴിഞ്ഞിട്ട് (CE 1606 -ൽ) ഒരു അജ്ഞാത കർത്താവിലൂടെ വിരചിതമായ മുഹ്‌യിദ്ദീൻ മാലയിൽ ഉള്ളത്. അതിലെ വചനങ്ങൾക്ക് ക്വുർആനിനേക്കാൾ മാഹാത്മ്യം നൽകുന്നവരും ശൈഖിനെ വിളിച്ച് പ്രാർഥിക്കുന്നവരും ഇന്നും മലയാളികൾക്കിടയിൽ ഉണ്ട് എന്നത് വേദനയോടെ ആണെങ്കിലും അംഗീകരിച്ചേ മതിയാകൂ.

ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയുടെ ഏതാനും ചില ഉപദേശങ്ങളളുടെ സംക്ഷിപ്തമാണ് ഈ ലഘുകുറിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുളത്. തൗഹീദിനോടും ഇസ്‌ലാമിക പ്രമാണങ്ങളോടുമുള്ള ശൈഖിൻ്റെ കലർപ്പില്ലാത്ത പ്രതിബദ്ധത സ്പഷ്ടമാക്കുന്ന ഉപദേശങ്ങളാണിവ.

1. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ

“ക്വുർആനും പ്രവാചകചര്യയും അനുധാവനം ചെയ്യുക വഴിയല്ലാതെ നിനക്ക് ജീവിതവിജയം കൈവരിക്കാനാവില്ല.”

— ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി (അൽഫത്ഹുർറബ്ബാനി, മക്തബത്തു മുസ്ത്വഫാ അൽബാബി അൽഹലബി: ഈജിപ്ത്, 1979, ഭാഗം 39, പുറം 128)

“വിശുദ്ധ ക്വുർആനും തിരുനബിചര്യയും, അവ രണ്ടും യഥാവിധി അറിയുന്ന പണ്ഡിതന്മാരെയും പിൻപറ്റാത്തിടത്തോളം നീ വിജയിക്കുകയില്ല.”

— അൽഫത്ഹുർറബ്ബാനി (ഭാഗം 39, പുറം 128)

2. തൗഹീദ് (ഏകദൈവവിശ്വാസം)

“ഇസ്‌ലാം മതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാ’ (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണ്) എന്ന ശഹാദത്ത് കലിമ ഉരുവിടലാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഇസ്‌ലാമല്ലാത്ത എല്ലാ മതങ്ങളിൽ നിന്നും അവൻ വിട്ടുനിൽക്കണം. ഹൃദയം കൊണ്ട് അല്ലാഹുവിന്റെ ‘വഹ്ദാനിയ്യത്തിൽ’ (ഏകത്വത്തിൽ) ഉറച്ചു വിശ്വസിക്കുകയും വേണം.”

— ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി (അൽഗുൻയ ലിത്വാലിബീ ത്വരീക്വിൽ ഹക്വ് അസ്സവജല്ല, ദാറുൽ അൽബാബ്: ഡമസ്കസ്, വോള്യം 1, പുറം 2)

“നിങ്ങൾ അല്ലാഹുവിനെ ഏകനാക്കുക. അവനല്ലാത്തവരെ ആരാധിക്കാതിരിക്കുകയും ചെയ്യുക.”

— ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി, ശേഖരണം: മുഹമ്മദ് സാലിം ബവാബ് (ഫുതൂഹുൽ ഗൈബ്, ദാറുൽ അൽബാബ്: ഡമസ്കസ്, ഹി.1413, ലേഖനം 2, പുറം 10)

“അല്ലാഹുവിന് നിഷ്കളങ്കമായി ആരാധനകളർപ്പിക്കുക. (പ്രാർഥന, സഹായാഭ്യർഥന പോലുള്ള) ആരാധനകൾ മറ്റുള്ളവർക്ക് സമർപ്പിച്ച് ശിർക്ക് (ബഹുദൈവത്വം) ചെയ്യാതിരിക്കുക. അല്ലാഹുവെ ഏകനാക്കുക. അവനോട് മാത്രം സഹായം ചോദിക്കുക. മറ്റാരോടും സഹായം ചോദിക്കാതിരിക്കുക. ആരോടും ഇസ്തിആന: (സഹായാഭ്യർഥന) നടത്താതിരിക്കുക. അല്ലാഹുവോട് മാത്രം ഇസിആന: നടത്തുക. അവനിൽ മാത്രം ഭരമേൽപിക്കുക. മറ്റാരിലും ഭരമേല്പിക്കാതിരിക്കുക.”

— അൽഫത്ഹുർറബ്ബാനി (ഭാഗം 47, പുറം 151)

3. ബിദ്അത്ത് വെടിയുക

“നിങ്ങൾ പ്രവാചകനെ(സ്വ) ശരിയായ നിലക്ക് പിന്തുടരുകയും, മതത്തിൽ ഒന്നും പുതുതായി കടത്തിക്കൂട്ടാതിരിക്കുകയും ചെയ്യുക.”

— ഫുതൂഹുൽ ഗൈബ് (ലേഖനം 2, പുറം 10)

“വാക്കിലും പ്രവൃത്തിയിലും പ്രവാചകനെ(സ്വ) പിൻപറ്റുകയെന്നതാണ് നന്മകളുടെ അടിസ്ഥാനം”

— അൽഫത്ഹുർറബ്ബാനി (ഭാഗം 59, പുറം 208)

“ബുദ്ധിശാലിയായ ഒരു വിശ്വാസിക്ക് വഴിതെറ്റാതിരിക്കാനും പിഴച്ചു നശിക്കാതിരിക്കാനും നല്ലത് (പ്രവാചകനെ) പിന്തുടരുകയും പുതുതായി ഒന്നും മത്തിൽ കടത്തിക്കൂട്ടാതിരിക്കുകയും അതിരുകടക്കാതിരിക്കുകയും ചെയ്യുന്നതാണ്”

— ശൈഖ് അബ്ദു‌ൽ ക്വാദിർ ജീലാനി (അൽഗുൻയ ലിത്വാലിബീ ത്വരീക്വിൽ ഹക്വ് അസ്സവജല്ല, വോള്യം 1, പുറം 79)

Comments

Leave a Reply

Your email address will not be published. Required fields are marked *