ഫിത്വർ പെരുന്നാളിൻ്റെ ആത്മീയതയും സാമൂഹികതയും

ഫിത്വർ പെരുന്നാൾ വീണ്ടും വന്നു. ആത്മോൽക്കർഷത്തിൻ്റെ നിമിഷങ്ങളിലൂടെയാണ് വ്രതസമാപനത്തിൻ്റെ ഈദുൽ ഫിത്വർ കടന്ന് വന്നത്. ആഘോഷങ്ങൾ എങ്ങനെ സന്തോഷദായകമാവുന്നു? പുഞ്ചിരിയെങ്ങനെ വിടർന്ന് വരുന്നു? മനസ്സിലും കണ്ണിലും പുളകങ്ങൾ ഒഴുകിയെത്തുന്നതെങ്ങനെയാണ്? എത്ര കൊടുത്താലും ലഭിക്കാത്ത ഈ വികാരങ്ങൾ എങ്ങനെയുണ്ടാവുന്നു?

തലച്ചോറിലെ സന്തോഷ ഹോർമോണുകളെ ഉൽപ്പാദിപ്പിക്കും വിധം സമ്മർദ്ദം കുറക്കുന്ന പുഞ്ചിരിയുടെ ലോകം വിസ്മയമാണ്. ഉത്കണ്ഠയും സ്ട്രെസ്സും കുറക്കാൻ കഴിയുന്ന ഈ അദ്ഭുതത്തെ രൂപപ്പെടുത്തിയതിൻ്റെ യുക്തി നാം പരിശോധിച്ചറിയേണ്ടതുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന മിറർ ന്യൂറോണുകളായി പ്രവർത്തിക്കുന്ന പുഞ്ചിരിയുണ്ടാക്കുന്ന സാമൂഹ്യ ബന്ധങ്ങളും അവിസ്മരണീയമാണ്.

“തീർച്ചയായും അവൻ തന്നെയാണ് ചിരിപ്പിച്ചതും കരയിപ്പിച്ചതും” (വിശുദ്ധ ഖുർആൻ, അധ്യായം 53, സൂക്തം 43)

ചിരിക്കാനും കരയാനുമുള്ള ബയോളജിക്കൽ കാരണങ്ങളെ ഉണ്ടാക്കിയതും, സന്തോഷത്തിൽ പോലും ആനന്ദാശ്രുകണങ്ങൾ പൊടിഞ്ഞു വരുന്നതും സ്രഷ്ടാവിൻ്റെ സൃഷ്ടിവൈഭവത്തെ സൂചിപ്പിക്കുന്നു. വിപരീത വികാരങ്ങളെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരേ അവയവങ്ങൾ വലിയ ദൈവദൃഷ്ടാന്തം തന്നെയാണ്.

പുഞ്ചിരി ഒരു ദാനധർമ്മമാണ്

പുഞ്ചിരി ദാനധർമ്മമാണ് എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ) യാണ്. ആ ദാനധർമ്മത്തിൻ്റെ ഉണർത്തു ശക്തി വളരെ വലുതാണ്.

  • “എല്ലാ നല്ല കാര്യങ്ങളും ദാനമാണ്, നീ നിൻ്റെ സഹോദരനെ പ്രകാശിതമുഖത്തോടെ സമീപിക്കുന്നത് അത്തരം നല്ല കാര്യങ്ങളിൽപ്പെടുന്നു.” (നബിവചനം)
  • “ഒരു നല്ല കാര്യത്തെയും നീ നിസ്സാരവൽക്കരിക്കരുത്, നീ നിൻ്റെ സഹോദരനെ സുസ്മിതത്തോടെ സമീപിക്കുന്നത് പോലും.” (നബിവചനം)

ഇത്തരം പുഞ്ചിരികളിലൂടെ ആഘോഷത്തെ വരവേൽക്കുകയും പകർന്ന് കൊടുക്കുകയും ചെയ്യുന്ന സാമൂഹ്യാഘോഷമാണ് ഈദ് അഥവാ പെരുന്നാൾ.

ഫിത്വർ സകാത്തും സഹജീവി കാരുണ്യവും

നിർബന്ധവ്രത ജീവിതത്തിൻ്റെ പരിസമാപ്തിയായാണ് ശവ്വാലമ്പിളി തെളിയുന്നത്. ഒരു മാസം മാറി മറ്റൊരു അറബി മാസം പിറക്കുന്നതിലല്ല, ജീവിതരീതിയെ അത് മാറ്റിമറിക്കുന്നു. അന്ന് വ്രതം പാടില്ല, ആഘോഷിക്കാനും ഭക്ഷണപാനീയങ്ങൾ കഴിക്കാനുള്ളതുമാണ്.

സഹജീവികാരുണ്യം റമദാൻ വ്രതത്തിലെന്നപോലെ ആഘോഷ നാളിൽ പ്രത്യേകിച്ച് നിർബന്ധമാക്കി. ഫിത്വർ സകാത്ത് എന്ന ലളിതമായ അന്നോൽപ്പന്ന ദാനത്തിലൂടെ സാമൂഹികതയുടെ ഒരു വാർഷികരീതി പഠിപ്പിക്കുകയാണ് ഇസ്ലാം. പട്ടിണിയിൽ കുടുങ്ങിയവർ ഇല്ലെന്ന് ഓരോയിടങ്ങളിലും ഉറപ്പുവരുത്താൻ ഉപകരിക്കുന്ന ലളിതമായ ഫിത്വർ സകാത്ത്.

തക്ബീർ ധ്വനികളുടെ ആത്മീയത

ആഘോഷങ്ങൾക്ക് ഒരു ആത്മീയ ലൈനുണ്ടാവണമെന്ന് പെരുന്നാൾ പഠിപ്പിക്കുന്നു. അപരൻ്റെ അവകാശങ്ങൾക്കും മാനുഷികതക്കും വിലകൽപ്പിക്കാതെ അടിച്ചു തകർക്കുന്ന മോദസംസ്കാരത്തിന് പെരുന്നാൾ കൂച്ചുവിലങ്ങിടുന്നു.

ശവ്വാലമ്പിളിയോടൊപ്പം മനസ്സിൽ ഉദിച്ചുയർന്ന് പ്രകാശിക്കേണ്ടതാണ് തക്ബീർ വീചികൾ. സ്രഷ്ടാവായ ഏകനാഥൻ അല്ലാഹുവിനെ വാഴ്ത്തിച്ചൊല്ലുന്ന തക്ബീർ വചനങ്ങൾ, വ്രതശുദ്ധി നേടിയ വിശ്വാസികളെ വീണ്ടും ഉണർത്തുകയാണ്; നിങ്ങൾ നേടിയ സംസ്കരണം ദൈവാനുഗ്രഹം കൊണ്ടുണ്ടായതാണ്. ആ നാഥന് മുമ്പിൽ നിങ്ങൾ വിനയരൂപം പ്രാപിക്കണം. ആ വിനയഭാവം സഹജീവികളിലേക്ക് ശാന്തമായി പരന്നൊഴുകണം.

വ്രതശുദ്ധി ഇനി കരുത്താവണം

വ്രതശുദ്ധി ഇനി കരുത്താവേണ്ടത് വ്രതമില്ലാത്ത നാളുകളിലാണ്. ദേഹി ദേഹത്തിൽ പ്രവർത്തിക്കേണ്ട ശൈലി നവോന്മേഷത്തിലൂടെ, ഒരു വർക്ക്ഷോപ്പിലൂടെ അല്ലെങ്കിൽ ശിൽപശാലയിലൂടെ ലഭിച്ചിരിക്കുന്നു. കർമ്മ പുസ്തകത്തിൽ എഴുതപ്പെട്ട വ്രതശുദ്ധിയുടെ തുടർപ്രക്രിയ നടത്തേണ്ടത് ഇനിയുള്ള നാളുകളിലാണ്. മനസ്സുകൾ തിന്മയെ നിസ്സാരവൽക്കരിച്ച് രാജിയാവുന്നത് വരും നാളുകളിലും ശ്രദ്ധയോടെ പ്രതിരോധിക്കാനുള്ള കരുത്ത് വർധിപ്പിച്ചെടുക്കണം.

“നിങ്ങളിൽ നിന്ന് നന്മയിലേക്ക് ക്ഷണിക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടാവട്ടെ” എന്ന വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായത്തിലെ വചനം പഠിപ്പിക്കുന്ന സാമൂഹ്യബോധത്തിൻ്റെ ആധാരഘടകങ്ങൾ അന്വർത്ഥമാക്കാനുള്ള പ്രയത്നത്തിന് വ്രതശുദ്ധി ഊർജ്ജമാവണം. പൊതുയിടങ്ങളിൽ ഇസ്ലാമിൻ്റെയും ഇസ്ലാഹിയ്യത്തിൻ്റെയും നന്മ വാക്കുകൾ ഉയരാതിരുന്നാൽ ഉത്തരവാദിത്ത നിർവ്വഹണം ഏറ്റെടുക്കപ്പെടാതെ പോവും.

ഈദുഗാഹുകളുടെ സാമൂഹിക പ്രസക്തി

പെരുന്നാൾ ദിനത്തിൻ്റെ പ്രത്യേകത ഈദുഗാഹുകൾ തന്നെയാണ്. അവിടേക്ക് സ്ത്രീകളടക്കമുള്ള എല്ലാ വിശ്വാസികളും വരാൻ പ്രവാചകൻ (സ) പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ആനന്ദത്തിലും സാമൂഹികതത്തിലും പങ്കാളികളാവാനും സമൂഹത്തിൻ്റെ അർദ്ധവിഭാഗത്തെ അംഗീകരിക്കലുമാണ് ഇവിടെ പ്രകാശിതമാവുന്നത്. നമസ്കരിക്കാൻ ശാരീരികമായി ബുദ്ധിമുട്ടുള്ള (അസൗകര്യമുള്ള) സഹോദരിമാർ നമസ്കാരത്തിൽ നിന്ന് മാറി നിൽക്കണമെന്നും, ഈദുഗാഹിലെ മറ്റു കൂട്ടായ്മയിൽ അവരും പങ്കുചേരണമെന്ന് പഠിപ്പിച്ചതും ഈദുഗാഹുകളുടെ പ്രസക്തിയും സാമൂഹികതയും വ്യക്തമാക്കുന്നു.

തഖ്‌വയുടെ വസ്ത്രം

പുതുവസ്ത്രങ്ങളുടെ മണവും പളപളപ്പും നമ്മെ ഹർഷപുളകിതമാക്കുന്നു. എന്നാൽ ഏതേതു വസ്ത്രം ധരിച്ചാലും, തഖ്‌വയുടെ വസ്ത്രമാണ് നിങ്ങൾക്കുണ്ടാവേണ്ടത് എന്ന് ഖുർആൻ സൂചിപ്പിക്കുന്നു:

“മനുഷ്യരേ, നിങ്ങൾക്ക് നാം ഗോപ്യസ്ഥാനങ്ങൾ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു. ധർമ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുതൽ ഉത്തമം.” (ഖുർആൻ, അഅ്റാഫ്: 26)

“ആദം സന്തതികളേ, നിങ്ങൾ എല്ലാ ആരാധനാ വേളകളിലും നിങ്ങൾക്ക് ഭംഗിയലങ്കാരങ്ങളായ വസ്ത്രങ്ങൾ ധരിച്ചു കൊള്ളുക. നിങ്ങൾ കുടിക്കുകയും തിന്നുകയും ചെയ്യുക; എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്…” (വിശുദ്ധ ഖുർആൻ, അഅ്റാഫ്: 31)

ഇത് ബാഹ്യമായും ആന്തരികമായുമുണ്ടാകേണ്ട വസ്ത്ര കവചങ്ങളെ സൂചിപ്പിക്കുന്നു. ദൈവഭയം ഒരു ആത്മീയ സൗന്ദര്യമാണ്. ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടാൻ വ്രതനാളുകൾക്കായിട്ടുണ്ട്. അത് പെരുന്നാളാഘോഷത്തിലും ചെളി പുരളാതെ കാത്തുസൂക്ഷിക്കുവാൻ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണ്.

നന്ദിയും മാർഗ്ഗദർശനവും

നമുക്ക് കിട്ടിയ ദൈവാനുഗ്രഹങ്ങൾ, നമ്മെ പൊതിഞ്ഞുനിൽക്കുന്ന അവൻ്റെ കൃപാകടാക്ഷങ്ങൾ അവയെക്കുറിച്ച് പറയാനും ഓർക്കാനും നന്ദി ചെയ്യാനും നാം വിശ്വാസികൾ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു.

“പറയുക! അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവർ സന്തോഷിച്ചീടട്ടെ. അതാണ് അവർ സ്വരൂപിച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ ഉത്തമം.” (വിശുദ്ധ ഖുർആൻ, 10:58)

അതിനാൽ നിലകൊള്ളുന്ന സംശുദ്ധപാതയും ദിവ്യവെളിച്ചവും സ്ഫുടം ചെയ്യപ്പെട്ട് മനസ്സിലും കർമ്മത്തിലും തെളിഞ്ഞു നിൽക്കുന്ന വിശ്വാസവും ഭൂമുഖത്തെ എല്ലാ സമ്പാദ്യങ്ങളേക്കാളും മികച്ചതാണെന്ന തിരിച്ചറിവിലാണ് ശവ്വാലിലും തുടർ മാസങ്ങളിലും നിലയുറപ്പിക്കേണ്ടത് എന്ന ആത്മീയവിചാരം മൂർത്തമാവണം.

എത്രയൊക്കെ സംസ്‌കരണ ചിന്തയുണ്ടായാലും ഒരുക്കവും മുന്നൊരുക്കവും ചെയ്താലും സ്രഷ്ടാവിൽ നിന്ന് ലഭിക്കുന്ന ഹിദായത്ത് (മാർഗ്ഗദർശനാനുഗ്രഹം) മഹത്തായതാണ്. അതില്ലാതെ നമ്മുടെ സ്വയം പരിശ്രമത്താൽ സംസ്കൃതരായി എന്ന വിചാരം വിശ്വാസികൾക്ക് ഭൂഷണമല്ല.

“നിങ്ങളെ നേർവഴിനടത്തിയതിന് അല്ലാഹുവിൻ്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ നോമ്പ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്).” (വിശുദ്ധ ഖുർആൻ, 2:185)

ബന്ധങ്ങൾ വിളക്കിച്ചേർക്കൽ

കുടുംബ ബന്ധങ്ങളിൽ വിള്ളലില്ലാതെ വിളക്കിച്ചേർക്കേണ്ട ബാധ്യത വിശ്വാസികൾക്കുണ്ട്. കുടുംബബന്ധം വിച്ഛേദിക്കുന്നവൻ സ്വർഗ്ഗാവകാശിയാവില്ല. ആഘോഷങ്ങളിൽ കുടുംബബന്ധവും അയൽവാസി ബന്ധവും മാനുഷിക ബന്ധവും ശക്തമാക്കുമ്പോഴാണ് വിശ്വാസിയുടെ പെരുന്നാൾ വിനയത്തിൻ്റെ പെരുന്നാളാവുന്നുള്ളൂ. ആ വിനയ സംസ്കാരത്തിലൂടെയാണ് ഇസ്ലാമിൻ്റെ സാമൂഹികത വളർന്ന് വരുന്നതും പരിലസിക്കുന്നതും.

Comments

Leave a Reply

Your email address will not be published. Required fields are marked *