കുഞ്ഞുങ്ങളോടെന്തിനീ ക്രൂരത?!

(കുഞ്ഞുങ്ങളോടുള്ള കരൾ പിടയും ക്രൂരതകൾ!)

ഒരു പിഞ്ചു കുഞ്ഞിനെ 34 സെക്കന്റിനുള്ളിൽ എട്ടു തവണ കാലിൽ പിടിച്ച് നിലത്തെറിയുക, ദേഹമാസകലം പൊള്ളിക്കുക, ജനനേന്ദ്രിയം കടിച്ചുമുറിക്കുക, ശരീരം മുഴുവൻ കമ്പികൊണ്ടും വടികൊണ്ടും അടിക്കുക, കൈകാലുകളിലെ അസ്ഥികളൊക്കെയും പൊട്ടിക്കുക, കരയുമ്പോൾ തല ഭിത്തിയിലിടിക്കുക, ശരീരം മുഴുവൻ ഐസ് കട്ട വെച്ച് തണുപ്പിക്കുക, ചുടുചോറ് തീറ്റിയ്ക്കുക, തിളച്ച വെള്ളം മേലൊഴിക്കുക, നെഞ്ചിലും നാഭിയിലും ചവിട്ടുക, ഇങ്ങിനെ ശരീരത്തിന്റെ സകല കോശങ്ങളിലും പരിക്കുകളും അടയാളങ്ങളും സൃഷ്ടിക്കുക…

ഇതൊന്നും പോരാഞ്ഞ് കുഞ്ഞ് ചാവാതെ വന്നപ്പോൾ ഒന്ന് വീണു ചത്തുകിട്ടാൻ വേണ്ടി വീടിന് ടെറസിലും കിണറ്റിൻ കരയിലും വെക്കുക, കുഞ്ഞ് മരണപ്പെട്ട ശേഷവും മരണപ്പെട്ടെന്നുറപ്പ് വരുത്താൻ തൊണ്ടയിൽ ഭക്ഷണങ്ങൾ തിരുകുക…

വായനക്കാരോട് ക്ഷമ ചോദിക്കുന്നു! നിങ്ങൾക്ക് ബോധക്ഷയമുണ്ടാക്കിയതിന്! അതെ, ആയിരം പിശാചുക്കൾ ഒന്നിച്ച് വന്നാൽ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകളാണ് നെടുമങ്ങാട്ടെ ആ കുഞ്ഞു പൈതലിനോട് അവർ ചെയ്തത്!

ഇങ്ങിനെ നമ്മെ മരവിപ്പിക്കുന്ന എത്രയെത്ര ക്രൂരതകളാണ് കുഞ്ഞുങ്ങളോട് ലോകം കാട്ടുന്നത്. ഈ അടുത്ത ദിവസമാണ് ഒരമ്മ പ്രസവിച്ച ഉടനെത്തന്നെ ആ ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്! മറ്റൊരു സംഭവത്തിൽ പ്രസവിച്ച ഒരുത്തിതന്നെ കുഞ്ഞിനെ ചുരുട്ടിക്കൂട്ടി ക്ലോസറ്റിൽ തള്ളി! എട്ടും പൊട്ടും തിരിയാത്ത, ഒന്നുറക്കെ കരയാനോ ഓടിപ്പോകാനോ കഴിയാത്ത കുഞ്ഞുങ്ങളെ അതിക്രൂരവും പൈശാചികവുമായി തല്ലുകയും കൊല്ലുകയും എറിയുകയും പൊള്ളിക്കുകയും ശ്വാസം മുട്ടിക്കുകയും കുഴിച്ചു മൂടുകയും ചെയ്യുന്ന എത്രായിരം ഭീകര ക്രൂരതകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്! മനുഷ്യത്വത്തിന്റെ അംശലേശം പോലും തൊട്ടുതീണ്ടിയില്ലാത്ത പിശാചുക്കളുടെ ക്രൂര വിനോദങ്ങൾ!

അന്താരാഷ്ട്ര തലത്തിലെ നടുക്കുന്ന കണക്കുകൾ

അന്താരാഷ്ട്ര തലത്തിലേക്ക് വന്നാലും ഫലസ്തീനിലും ഇറാനിലും ഉക്രൈയിനിലുമൊക്കെ പിടഞ്ഞു വീഴുന്ന കുട്ടികളെത്രായിരമായിരിക്കും! ഇപ്പോൾ നടക്കുന്ന പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയത് തന്നെ ഇറാനിലെ കുഞ്ഞുങ്ങൾക്ക് മുകളിൽ ബോംബിട്ടുകൊണ്ടാണ്. ഫലസ്തീനിൽ ഇസ്രായേൽ നരനായാട്ടിൻ ഫലമായി പതിനായിരങ്ങളാണ് അവിടെ ജീവൻ വെടിഞ്ഞത്!

  • ഗാസ: 2023 ഒക്ടോബർ മുതൽ 20,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും, അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും അമ്പരപ്പിക്കുന്ന എണ്ണം കാണാതാകുന്നുണ്ടെന്നും യുണിസെഫ് (UNICEF) റിപ്പോർട്ട് ചെയ്യുന്നു.
  • യെമൻ: 2015 മാർച്ചിനും 2022 അവസാനത്തിനും ഇടയിൽ, 3,774 കുട്ടികൾ സായുധ അക്രമം മൂലം കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയുണ്ടായി.
  • ഉക്രെയ്ൻ: 2022-ൽ യുദ്ധം രൂക്ഷമായതിനുശേഷം ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യുണിസെഫും യു.എൻ. മനുഷ്യാവകാശ നിരീക്ഷണ മിഷനും റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികളുടെ മരണങ്ങൾ നിരീക്ഷിക്കുന്ന സംഘടനകളുടെ കണക്കനുസരിച്ച്, എല്ലാ സജീവ സംഘർഷങ്ങളിലും കൊല്ലപ്പെട്ട കുട്ടികളുടെ കൃത്യമായ എണ്ണം ആഗോളതലത്തിൽ സ്ഥിരീകരിക്കാൻ പ്രയാസമാണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് യഥാർത്ഥ കണക്കെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

യുണിസെഫിന്റെ (UNICEF) മുന്നറിയിപ്പുകൾ

അക്രമത്തിനിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ ജൂൺ 4-ന്, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് യുണിസെഫ് വാർത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകത്തിൽ 1 ബില്യൺ കുട്ടികൾ വിവിധ അക്രമങ്ങൾക്ക് വിധേയരാകുന്നു എന്ന വിവരവും സംഘടന പങ്കുവച്ചിട്ടുണ്ട്.

ഇതോടൊപ്പം പ്രായപൂർത്തിയാകാത്തവർക്കെതിരായ ഗാർഹിക പീഡനത്തെ എടുത്തു കാണിക്കുന്ന “ഹൗസ് ഓഫ് ടെറർ” (House of Terror) എന്ന ഹ്രസ്വചിത്രവും സംഘടന പ്രകാശനം ചെയ്തിരിക്കുന്നു. ഓരോ വർഷവും കുട്ടികൾക്കെതിരായ ശാരീരികവും വൈകാരികവും ലൈംഗികവുമായ അക്രമങ്ങൾ കൂടിവരുന്നതായും സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഞെട്ടിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ:

  • കൊലപാതകം: ലഭ്യമായ ഏറ്റവും പുതിയ ആഗോള ഡാറ്റ പ്രകാരം ലോകത്തിലെവിടെയെങ്കിലും ഓരോ 4 മിനിറ്റിലും ഒരു കുട്ടി അക്രമത്തിലൂടെ കൊല്ലപ്പെടുന്നു.
  • പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ: ഇന്ന് ജീവിച്ചിരിക്കുന്ന ഏകദേശം 90 ദശലക്ഷം കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. 650 ദശലക്ഷം പെൺകുട്ടികളും സ്ത്രീകളും (5 ൽ 1) കുട്ടികളായിരിക്കെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. ഇതിൽ 370 ദശലക്ഷത്തിലധികം (8 ൽ 1) പേർ ബലാത്സംഗമോ ലൈംഗിക അതിക്രമമോ അനുഭവിച്ചവരാണ്.
  • കൗമാരക്കാർ: 15-19 വയസ്സ് പ്രായമുള്ള ഏകദേശം 50 ദശലക്ഷം കൗമാരക്കാരായ പെൺകുട്ടികൾ (6 ൽ 1) കഴിഞ്ഞ വർഷം ഭർത്താക്കന്മാരിൽ നിന്നോ പങ്കാളികളിൽ നിന്നോ ശാരീരികമോ ലൈംഗികമോ ആയ അതിക്രമത്തിന് ഇരയായിട്ടുണ്ട്.
  • ആൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ: 410 മുതൽ 530 ദശലക്ഷം ആൺകുട്ടികളും പുരുഷന്മാരും (ഏകദേശം 7 ൽ 1) കുട്ടിക്കാലത്ത് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. ഇതിൽ 240 മുതൽ 310 ദശലക്ഷം വരെ പേർ ബലാത്സംഗം ചെയ്യപ്പെടുകയോ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
  • ഗാർഹിക ശിക്ഷകൾ: 1.6 ബില്യൺ കുട്ടികൾ (മൂന്നിൽ 2 പേർ) വീട്ടിൽ പതിവായി അക്രമാസക്തമായ ശിക്ഷ അനുഭവിക്കുകയും മൂന്നിൽ രണ്ട് ഭാഗവും ശാരീരിക ശിക്ഷയ്ക്കും മാനസിക ആക്രമണത്തിനും വിധേയരാകുകയും ചെയ്യുന്നു.
  • മരണസാധ്യത: ഇത്തരം അക്രമങ്ങളിലൂടെ ശരാശരി 1,30,000 കുട്ടികളുടെയും 20 വയസ്സിന് താഴെയുള്ള കൗമാരക്കാരുടെയും ജീവൻ അപഹരിക്കപ്പെടുന്നു. അക്രമത്താൽ കൊല്ലപ്പെടുന്ന ഓരോ 4 കുട്ടികളിലും 3 പേരും ആൺകുട്ടികളാണ്. മരിച്ച 10 കുട്ടികളിൽ 7 പേരും 15 നും 19 നും ഇടയിൽ പ്രായമുള്ളവരാണ്.

ആഘാതവും ഭാവി അപകടങ്ങളും

കുട്ടികൾക്കെതിരായ അക്രമം അത് ശാരീരികമോ വൈകാരികമോ ലൈംഗികമോ ആകട്ടെ, വീടുകളിലും സ്കൂളുകളിലും സമൂഹങ്ങളിലും ഓൺലൈനിലും സംഭവിക്കുന്ന നിർഭാഗ്യകരമായ ഒരു ആഗോള പ്രതിസന്ധിയാണ്.

  • ശാരീരിക-മാനസിക ആഘാതം: ഇത് കുട്ടികളെ പരിക്കുകൾ, ലൈംഗികമായി പകരുന്ന അണുബാധകൾ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ശാരീരിക-മാനസികാരോഗ്യ പ്രശ്നങ്ങൾ, മരണം എന്നിവയിലേക്ക് നയിക്കുന്നു.
  • വളർച്ചയിലെ തടസ്സങ്ങൾ: കുഞ്ഞുനാളിൽ തന്നെയുള്ള ഇത്തരം അതിക്രമങ്ങളും ക്രൂരതകളും വലുതാകുമ്പോൾ ഗുരുതര സമ്മർദ്ദത്തിന് കാരണമാകും. തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ആക്രമണം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ക്രിമിനൽ പെരുമാറ്റം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
  • സാമൂഹിക ആഘാതം: അക്രമം അനുഭവിക്കുന്ന കുട്ടികൾ മുതിർന്നവരാകുമ്പോൾ മുഴുവൻ സമൂഹങ്ങളെയും ലോകത്തെയും ബാധിക്കുന്ന ആഘാതത്തിനും അക്രമത്തിനും കാരണമാകും.

നമ്മൾ എന്ത് ചെയ്യണം?

കുഞ്ഞുങ്ങൾ ഈ സമൂഹത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. അവരുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കുഞ്ഞുങ്ങളോടുള്ള ക്രൂരതയും പീഡനവും ഒരിക്കലും അംഗീകരിക്കാനാവാത്ത ഗുരുതര കുറ്റകൃത്യങ്ങളാണ്. കുഞ്ഞുങ്ങളുടെ കണ്ണീർ ഒരു സമൂഹത്തിന്റെ ശാപവും പരാജയവുമാണ്.

നിഷ്കളങ്കരും ദുർബലരുമായ അവരുടെ പുഞ്ചിരി കാത്തുസൂക്ഷിക്കാനും സുരക്ഷിതമായ ബാല്യം ഉറപ്പാക്കാനും നമുക്കെല്ലാവർക്കും കഴിയേണ്ടതുണ്ട്. അതിനാൽ തന്നെ കുഞ്ഞുങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കണം. അതോടൊപ്പം, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിലും സമൂഹം കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.

— ഷീമ സെൻഗുപ്ത (യുണിസെഫ് ചൈൽഡ് പ്രൊട്ടക്ഷൻ ഡയറക്ടർ)

“പ്രതിരോധം, വിദ്യാഭ്യാസം, പിന്തുണാ സേവനങ്ങൾ എന്നിവയിലൂടെ, നമുക്ക് കുട്ടികളോടുള്ള അക്രമം അവസാനിപ്പിക്കാനും കുട്ടികൾ സുരക്ഷിതരായിരിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാനും കഴിയേണ്ടതുണ്ട്”

Comments

Leave a Reply

Your email address will not be published. Required fields are marked *