“കൂടുതൽ വായിക്കുക, കുറച്ചെഴുതുക. പ്രസിദ്ധീകരണത്തിനു വേണ്ടി മാത്രമുള്ള എഴുത്താവരുത്.”
— വൈക്കം മുഹമ്മദ് ബഷീർ
വിശ്വപ്രസിദ്ധ എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുഖചിത്രമുള്ള ജൂലായ് 3-ലെ വിചിന്തനം വാരിക കൈയിൽ കിട്ടിയപ്പോൾ വല്ലാത്ത ആവേശം തോന്നി.
- “ദൈവം, മതം, തിരുനബി: വൈക്കം മുഹമ്മദ് ബഷീറിൻ്റെ നിരീക്ഷണങ്ങൾ” – നാസിം റഹ്മാൻ തയ്യാറാക്കിയ സുദീർഘമായ ലേഖനം.
- 1982-ൽ ഫറൂഖിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ സുവനീറിൽ ബഷീർ എഴുതിയ ലേഖനത്തിൻ്റെ പുനഃപ്രസിദ്ധീകരണം.
വളരെയേറെ സന്തോഷത്തോടെയാണ് ഇവ രണ്ടും വായിച്ചത്. ബഷീർ ആരായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ രീതി എങ്ങിനെയായിരുന്നുവെന്നും വായനക്കാർക്ക്, പ്രത്യേകിച്ച് പുതുതലമുറയിൽ പെട്ടവർക്ക്, നാസിം റഹ്മാൻ്റെ ലേഖനത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിക്കും.
സാംസ്കാരിക കേന്ദ്രങ്ങളിലും സ്കൂളുകളിലും മറ്റു കലാലയങ്ങളിലുമൊക്കെ ബഷീറിൻ്റെ എഴുത്തിനെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും സജീവമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഈ ജൂലായ് മാസത്തിൽ വിചിന്തനം വാരികയും അതിൽ പങ്കുചേർന്നത് തീർത്തും അവസരോചിതമായി.
വൈലാലിൽ ഹൗസിലെ ആ ഓർമ്മച്ചെപ്പ് (1987)
ചരിത്രത്തിൽ ഇടംനേടിയ ബേപ്പൂരിലെ വൈലാലിൽ ഹൗസും, മാങ്കോസ്റ്റിൻ മരവും, അതിൻ്റെ ചുവട്ടിലെ പ്രസിദ്ധമായ ചാരു കസേരയും നേരിൽ കാണാനും സുൽത്താനുമായി ഏറെ നേരം സംവദിക്കാനും എനിക്കും ഒരവസരം ലഭിച്ചിരുന്നു. 1987-ൽ നടന്ന ആ കൂടിക്കാഴ്ചയും ബഷീറിൽ നിന്നും അന്നെനിക്ക് ലഭിച്ച വിലപ്പെട്ട “മൊഴിമുത്തുകളും” ഒരു നിധിപോലെ മായാതെ മനസ്സിൽ ഇന്നുമുണ്ട്.
എഴുത്തുകാരനും അഡ്വക്കറ്റുമായ കണ്ണങ്കണ്ടി മൊയ്തു സാഹിബും അദ്ദേഹത്തിൻ്റെ സഹോദരിയും ഞാനും ഉൾപ്പെടുന്ന മൂന്നംഗ സംഘമായിരുന്നു വൈലാലിൽ എത്തിയിരുന്നത്. ഞങ്ങളെ കണ്ടപ്പോൾ ബഷീർ തന്നെ ഗേറ്റ് തുറന്ന് സ്വീകരിച്ച് മാങ്കോസ്റ്റിൻ ചുവട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി ബഷീറിൻ്റെ പേരിൽ വന്നിട്ടുള്ള വിവിധ പ്രസിദ്ധീകരണങ്ങളുടെ ഒരു ശേഖരം തന്നെ ചാരു കസേരയ്ക്ക് സമീപം കാണാൻ സാധിച്ചു.
മാതൃകാപരമായ ആതിഥ്യമര്യാദ
വൈലാലിൻ്റെ വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ നിന്നും രണ്ടു മൂന്നെണ്ണം എടുത്ത് മാങ്കോസ്റ്റിൻ്റെ ചുവട്ടിലേക്ക് കൊണ്ടുവെക്കാൻ ഒരുങ്ങിയ എന്നെ ബഷീർ ഓടിവന്നു തടഞ്ഞു.
“തൊടരുത്!”
അതൊരാജ്ഞയായിരുന്നു. ഞാൻ അന്ധാളിച്ചു പോയി. സംശയിച്ചു നിൽക്കുന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു:
“നിങ്ങൾ അതിഥികളാണ്, ഞാൻ ആതിഥേയനും. നിങ്ങൾക്ക് കസേരകൾ എടുത്തിട്ടു തരേണ്ടത് എൻ്റെ ബാധ്യതയാണ്.”
അദ്ദേഹം തന്നെ കസേരകൾ ഓരോന്നായെടുത്ത് മാങ്കോസ്റ്റിൻ ചുവട്ടിലെ ചാരു കസേരയ്ക്ക് സമീപം കൊണ്ടുവന്നുവെച്ച് ഞങ്ങളെ ഇരുത്തി. അതിഥികളോട് ആതിഥേയൻ പെരുമാറേണ്ടത് എങ്ങിനെയാണെന്ന് കൂടി മഹാനായ ആ എഴുത്തുകാരൻ ഞങ്ങൾക്ക് കാണിച്ചുതരികയായിരുന്നു.
ഒരോർമ്മക്കുറിപ്പും വിലപ്പെട്ട സന്ദേശവും
ഞാൻ അൽപമൊക്കെ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ എഴുതാറുണ്ടെന്ന് ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് ബഷീറിനോട് സൂചിപ്പിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ വലതുകൈ എൻ്റെ തലയിൽ അമർത്തിവെച്ച് മെല്ലെ എഴുന്നേറ്റു നിന്നു. അൽപനേരം മൗനമായി നിന്ന ശേഷം ഇങ്ങനെ നിർദ്ദേശിച്ചു:
“കൂടുതൽ വായിക്കുക, കുറച്ചെഴുതുക. പ്രസിദ്ധീകരണത്തിനു വേണ്ടി മാത്രമുള്ള എഴുത്താകരുത്.”
മഹത്തായൊരു സന്ദേശമായിരുന്നു അന്നെനിക്ക് ലഭിച്ചത്. ഒരു മഹത്ഗ്രന്ഥം വായിച്ചാൽ ലഭിക്കുന്നതിനേക്കാൾ ഏറെ അറിവുകൾ പകർന്നു തന്നാണ് ആ വിശ്വപ്രസിദ്ധ എഴുത്തുകാരൻ വൈലാലിൽ നിന്നും ഞങ്ങളെ യാത്രയാക്കിയത്.
Leave a Reply