“സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങൾ തന്നെയാകുന്നു, അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.”
— (വിശുദ്ധ ഖുർആൻ 49:10)
അശാന്തി, വിദ്വേഷം, വിദ്വംസക പ്രവർത്തനങ്ങൾ ഇവയിൽ അഭിരമിക്കാൻ കഴിയുന്ന മനസ്സ് രോഗഗ്രസ്തമാണ്. മറ്റുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ സന്തോഷത്തിന്റെ താഴ്വേര് എന്ന തിരിച്ചറിവാണ് അമൂല്യമായ, വിവരണാതീതമായ ആനന്ദത്തിലേക്കുള്ള രാജപാത. മറ്റുള്ളവരുടെ വേദനകളും യാതനകളും തന്റേത് കൂടിയാകുമ്പോഴാണ് മനുഷ്യൻ ഉയരുന്നതും ആനന്ദത്തിലേക്ക് എത്തുന്നതും.
സത്യത്തിൽ, എല്ലാവരും ഒരേ മാതാപിതാക്കളുടെ മക്കളാണ് എന്നതാണല്ലോ അടിസ്ഥാനപരമായ വസ്തുത. അതിനും അപ്പുറം സർവ്വതും മണ്ണിൽ നിന്നു വന്നു; മണ്ണിലേക്ക് തന്നെയാണ് മടക്കവും. എപ്പോൾ, എങ്ങനെ, എവിടെ വെച്ച് എന്നതുമാത്രം നിശ്ചയമില്ല. ആരും ഒന്നും ഒപ്പം കൊണ്ടുപോവില്ല. അസൂയയും അഹന്തയും ധാർഷ്ട്യവും കുശുമ്പും ദുഷ്ടതയും അതോടെ തീരുന്നു. പിന്നീട് ഇവിടെ എന്ത് സംഭവിക്കുന്നു എന്ന് ആരും അറിയുകയില്ല. ഈ അടിസ്ഥാന വിശ്വാസങ്ങളെ മുറുകെ പിടിച്ചാൽ മനുഷ്യർക്ക് ഇവിടെ ആരെയും വെറുക്കാതെയും ഒന്നിനെയും തകർക്കാതെയും മറ്റുള്ളവരോട് ക്രൂരത കാണിക്കാതെയും ജീവിച്ചുകൂടേ?
ഈ ജീവിതത്തിൽ സഹവാസികളോട് മാന്യമായി ഇടപെടുക. പ്രയാസങ്ങൾ നല്ല നാളെയുടെ തുടക്കമാണെന്ന സത്യം തിരിച്ചറിയുക. മാനവികത മനുഷ്യനന്മയിലേക്കാണ് വിളിക്കുക; ഈ ലോകം അതിനുള്ള വിളനിലമാണ്.
നല്ല കൂട്ടുകാർ: ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം
“ധർമ്മവും സമാധാനവും” എന്ന പുസ്തകത്തിൽ പറയുന്നു: നല്ല കൂട്ടുകാരാണ് ജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. ബാഹ്യ പ്രകൃതിയിലല്ല സൗന്ദര്യം, സ്വഭാവത്തിലും ബന്ധങ്ങളിലുമാണ്. അങ്ങനെയുള്ള നല്ല അനുഭവങ്ങളിലാണ് സൗന്ദര്യവും സന്തോഷവും സ്നേഹവും ഐശ്വര്യവും കാണേണ്ടത്.
- നല്ല സുഹൃത്തുക്കൾ ഒരിക്കലും ചതിക്കുഴികൾ ഒരുക്കുകയില്ല.
- നുണകളും അന്ധവിശ്വാസങ്ങളും നിരത്തി പറ്റിക്കില്ല.
- നിർമ്മലമായ കണ്ണാടി പോലെയാണ് അവർ; സുഹൃത്തുക്കളുടെ നന്മകളെ അവർ പ്രതിഫലിപ്പിക്കും.
- സുഹൃത്തുക്കളുടെ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറവുകളെ അവഗണിക്കുകയും കുറ്റങ്ങളിൽ വീണുപോകാതെ കവചം തീർക്കുകയും ചെയ്യും.
അത്തരം സുഹൃത്തുക്കളെ കിട്ടിയവർ ഭാഗ്യവാന്മാരാണ്. കാരണം സ്നേഹം തുളുമ്പുന്ന വാക്കുകൾ കൊണ്ട് ജനങ്ങളുടെ കയ്യടി വാങ്ങുകയും സ്വന്തം കാര്യം നേടിക്കഴിഞ്ഞാൽ ജനത്തെ മറക്കുകയും ചെയ്യുന്നവരുടെ ഒരു ലോകത്ത് സ്നേഹം എന്ന പദം പോലും ചതിക്കുഴിയായി മാറുന്നതാണല്ലോ സാമാന്യ അനുഭവം. സ്നേഹപ്പുഞ്ചിരിയുമായി വരുന്ന പലരും നുണയന്മാരാണ് എന്ന് പിന്നീട് അനുഭവങ്ങൾ തെളിയിക്കുന്ന ഒരു കാലത്താണ് സർവ മനുഷ്യരും ഇന്ന് ജീവിക്കുന്നത്. മഹത്തായ ഭരണഘടനകളും വ്യവസ്ഥകളും ഉണ്ടാക്കി ജനങ്ങളുടെ സമൂല ക്ഷേമവും വികാസവും ലക്ഷ്യം വെച്ച് നിലവിൽ വന്ന ജനാധിപത്യ മതേതര രാജ്യങ്ങളിൽ പോലും നുണകൾ അരങ്ങുവാഴുന്നു.
നല്ല സുഹൃത്തുക്കൾ ഉള്ളവൻ ഭാഗ്യവാൻ; അവന് ഭൂമിയിലും പരലോകത്തും സ്വർഗം കൈവരും. ചീത്ത സുഹൃത്ത് ഭൂമിയിൽ താൽക്കാലിക നരകവും പരലോകത്ത് ശാശ്വത നരകവും സമ്മാനിക്കും. ചീത്ത സുഹൃത്തുക്കളെ ലഭിക്കാൻ എളുപ്പമാണ് — നമുക്ക് പണവും പ്രതാപവും സൗകര്യവും ഉണ്ടെങ്കിൽ പ്രത്യേകിച്ചും. എന്നാൽ നല്ല സുഹൃത്തുക്കൾ അങ്ങനെയല്ല, അവർ നമ്മുടെ നന്മകളിലേക്കാണ് ആകർഷിക്കപ്പെടുന്നത്. പാപ്പരായാലും അവർ കൂടെയുണ്ടാവും; തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി തിരുത്തുവാൻ ശ്രമിക്കും. എന്നാൽ ചീത്ത കൂട്ടുകാർ നമ്മുടെ ചീത്ത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യും. എല്ലാ വേദങ്ങളും പ്രവാചകന്മാരും പരിശുദ്ധ ഖുർആനും മുഹമ്മദ് നബിയും എല്ലാം ഇക്കാര്യം ഉണർത്തുന്നു. നല്ല കൂട്ടുകാരെ കൂട്ടാനും നല്ല കൂട്ടുകാരൻ ആകാനും ഏവർക്കും കഴിയട്ടെ.
സഹൃദയനും ദോശൈകധൃക്കും തമ്മിൽ അജഗജാന്തരമുണ്ട്. ഒരാളിൽ 99 തിന്മകളും ഒരു നന്മയും ഉണ്ടെങ്കിൽ, ആ ഒരു നന്മ കാണാൻ വിശാല ഹൃദയമുള്ളവനാണ് സഹൃദയൻ. എന്നാൽ ഒരാളിൽ 99 നന്മയും ഒരു തിന്മയുമാണുള്ളതെങ്കിൽ 99 നന്മ കാണാതെ ഒരു തിന്മ മാത്രം കാണുന്നവനാണ് ദോശൈകധൃക്ക്.
സാഹോദര്യവും ഈമാനും: നബിവചനങ്ങൾ
നബി (സ) പറഞ്ഞു: “തനിക്ക് ഇഷ്ടമുള്ളത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങൾ ആരും വിശ്വാസിയാവുകയില്ല.” (ബുഖാരി, മുസ്ലിം)
മനുഷ്യൻ തനിക്ക് എന്താണോ ഇഷ്ടപ്പെടുന്നത്, അത് മറ്റുള്ളവർക്കും ഉണ്ടാവാൻ ഇഷ്ടപ്പെടുന്നത് വിശ്വാസത്തിന്റെ പൂർത്തീകരണമാണ്. സ്വർഗ്ഗപ്രവേശനത്തിന് കാരണമാകുന്ന കാര്യങ്ങളിൽ പെട്ടതാണ് മറ്റുള്ളവർക്ക് നന്മ വരുന്നത് ഇഷ്ടപ്പെടൽ.
കൂട്ടുകാരന് ഇഷ്ടമില്ലാത്തത് പറയാതിരിക്കൽ ആവശ്യമായതുപോലെ അയാൾക്ക് ഇഷ്ടമുള്ളത് പറയലും സാഹോദര്യ നിലനിൽപ്പിന് അനിവാര്യമാണ്. എന്ന് മാത്രമല്ല, അത് സാഹോദര്യത്തിന്റെ പ്രത്യേകതകളിൽ പെട്ടതുമാണ്. കാരണം ഒരാൾ മൗനം കൈക്കൊണ്ടാൽ അയാൾ ഖബറാളികളുടെ കൂട്ടുകാരനാവും. കൂട്ടുകാരിൽ നിന്ന് പ്രയോജനം നേടലാണ് സാഹോദര്യത്തിന്റെ ലക്ഷ്യം; അവരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടലല്ല. മൗനം പാലിക്കുന്നതിന്റെ ഉദ്ദേശം ഉപദ്രവം ഒഴിവാക്കലാണ്. അതിനാൽ സംസാരത്തിലൂടെ സ്നേഹബന്ധം ഉണ്ടാക്കണം. അയാൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൂടെ അവസ്ഥകൾ അന്വേഷിക്കണം. വല്ല വിപത്തും നേരിട്ടിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ചോദിക്കുകയും ആ വിപത്തിൽ തന്റെ മാനസിക പ്രയാസം പ്രകടിപ്പിക്കുകയും വേണം. സ്നേഹമുണ്ടാക്കുന്ന സംസാരത്തിന് ഉദാഹരണമാണിത്.
ഇതുപോലെ തന്നെ കൂട്ടുകാരന് ഇഷ്ടമില്ലാത്ത കാര്യം തനിക്കും ഇഷ്ടമല്ലെന്ന് സംസാരത്തിലൂടെയോ പ്രവർത്തനത്തിലൂടെയോ അറിയിക്കൽ ആവശ്യമാണ്. അയാൾ സന്തോഷിക്കുന്ന കാര്യത്തിൽ തന്റെ സന്തോഷം പ്രകടിപ്പിക്കുകയും വേണം. സന്തോഷവും ദുഃഖവും പരസ്പരം പങ്കുവെക്കൽ സാഹോദര്യത്തിന്റെ ലക്ഷ്യമാണ്.
“സത്യവിശ്വാസികൾ സഹോദരങ്ങൾ തന്നെയാകുന്നു.” (ഖുർആൻ – ഹുജൂറാത്ത്: 10)
സത്യസന്ദേശം ഉൾക്കൊണ്ടവർ തമ്മിൽ പ്രത്യേകമായ ഹൃദയബന്ധവും ഇണക്കവും ഈടുറ്റ ബന്ധവും ഉണ്ടാവണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അവർ ഒരു ശരീരം പോലെ, ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ, പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കേണ്ടവരാണ്. സത്യവിശ്വാസികൾ അന്യോന്യം ദയാലുക്കളാണ് എന്ന് ഖുർആൻ (ഫത്ഹ്: 29) പ്രശംസിക്കുന്നുണ്ട്.
നബി (സ) പറഞ്ഞു: “മുസ്ലിം മുസ്ലിമിന്റെ സഹോദരനാണ്. അവൻ അവനെ ആക്രമിക്കുകയില്ല, നിസ്സഹായാവസ്ഥയിൽ വിടുകയില്ല, നിന്ദിക്കുകയില്ല. ഒരാൾ തെറ്റുകാരനാവാൻ തന്റെ മുസ്ലിം സഹോദരനെ നിന്ദിക്കുകയെന്ന ഒറ്റ കാര്യം തന്നെ മതി. മുസ്ലിമിന്റെ എല്ലാം ആദരണീയമാണ് — അവന്റെ രക്തം, സമ്പത്ത്, അഭിമാനം എന്നിവയൊക്കെ.” (മുസ്ലിം)
നബി (സ) പറഞ്ഞു: “ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ പരസ്പരം ബലം കൊടുക്കുന്നത് പോലെയാണ് ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക്.” ഇത് പറഞ്ഞശേഷം കൈവിരലുകൾ തമ്മിൽ ചേർത്തുപിടിച്ചു കാണിച്ചു. (ബുഖാരി, മുസ്ലിം)
ഒരു സത്യവിശ്വാസിയെ അലട്ടുന്ന ഏത് പ്രശ്നവും സത്യവിശ്വാസികളുടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്നമാണെന്ന് പ്രവാചകൻ (സ) വ്യക്തമാക്കിയിട്ടുണ്ട്:
“മതവിശ്വാസികൾ തമ്മിലുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പ കാണിക്കലിന്റെയും ഉപമ ഒരു ശരീരത്തിന്റെ ഉപമ പോലെയാണ്. ഒരവയവത്തിന് പോറലേറ്റാൽ മറ്റ് അവയവങ്ങൾ ക്ഷീണിച്ചും ഉറക്കമിളച്ചും വിഷമത്തിൽ പങ്കുവഹിക്കുന്നത് കാണാമല്ലോ.” (ബുഖാരി, മുസ്ലിം)
നബി (സ) പറഞ്ഞു: “ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവൻ മുസ്ലിമിനെ ആക്രമിക്കുകയോ ശത്രുവിന് ഏൽപ്പിച്ചു കൊടുക്കുകയോ ചെയ്യുകയില്ല. ഒരാൾ തന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുത്താൽ അല്ലാഹു അവന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കും. ഒരു മുസ്ലിമിന്റെ ബുദ്ധിമുട്ട് ഒരാൾ ഇല്ലാതാക്കിയാൽ അത് മൂലം ഖിയാമത്ത് നാളിലെ ബുദ്ധിമുട്ടിൽ നിന്ന് അല്ലാഹു ചിലത് ഇല്ലാതാക്കികൊടുക്കും. ഒരു മുസ്ലിമിന്റെ പോരായ്മകൾ ഒരാൾ മറച്ചുവെച്ചാൽ അവന്റെ പോരായ്മ ഖിയാമത് നാളിൽ അല്ലാഹു മറച്ചുവെക്കും.” (ബുഖാരി, മുസ്ലിം)
Leave a Reply