കേരളവും തമിഴ്‌നാടും വെസ്റ്റ് ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിധി പലവിധത്തിൽ വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായതും ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തോട് അകന്നുമാറിയതുമാണ് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട്ടിൽ ആകട്ടെ, സിനിമാ നടൻ വിജയിയെ പിന്തുണയ്ക്കാനുള്ള പുതുതലമുറയുടെയും സ്ത്രീകളുടെയും ഒക്കെ താൽപര്യം ഡി.എം.കെ സർക്കാരിന് തിരിച്ചടിയായി. ബംഗാളിൽ ആകട്ടെ, മമതയുടെ വാശിയും ഇന്ത്യ സഖ്യത്തിലെ ഒരു പാർട്ടിയെയും അടുപ്പിക്കാതെ ഒറ്റയ്ക്കുള്ള ഭരണവും കൂടെ കേന്ദ്രസർക്കാരിന്റെയും ഇലക്ഷൻ കമ്മീഷന്റെയും ചില കളികളും ഒക്കെയാണ് ഭരണമാറ്റം ഉണ്ടാക്കിയിരിക്കുന്നത്.
1. ന്യൂജെൻ വോട്ടർമാർ
ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരു വിഭാഗമാണ് 30 വയസ്സിന് താഴെയുള്ള വോട്ടവകാശമുള്ള പൗരന്മാർ. ഇന്ത്യൻ ജനതയുടെ 50 ശതമാനത്തോളം ആളുകൾ 30 വയസ്സിന് താഴെയാണ് എന്നുള്ള സത്യം സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും വിസ്മരിക്കുകയാണ്. ഏതാണ്ട് 23 ശതമാനത്തോളം വോട്ടർമാരുടെ ശരാശരി പ്രായം 30 വയസ്സിന് താഴെയാണ് എന്ന സത്യം തിരിച്ചറിയുമ്പോഴാണ് പഴയ രാഷ്ട്രീയ ചാണക്യന്മാരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നത്.
ഇതുതന്നെയാണ് തമിഴ്‌നാട്ടിൽ ഡി.എം.കെ സർക്കാരിനും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും തിരിച്ചറിയാൻ പറ്റാതെ പോയത് എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ വിജയിയെയും കേരളത്തിൽ യു.ഡി.എഫിനെയും പിന്തുണച്ചവരിൽ മഹാഭൂരിപക്ഷവും 30 വയസ്സിന് താഴെ ഉള്ളവർ ആയിരുന്നു എന്ന് അറിയുമ്പോഴാണ് ന്യൂജെൻ ശക്തി എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാകുക.
82 വയസ്സുകഴിഞ്ഞ ഒരു മുതിർന്ന പൗരന്റെ ഫോട്ടോ വെച്ചുകൊണ്ട് ‘മറ്റാരുണ്ട്’ എന്ന കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നൂറുകണക്കിന് പട്ടണങ്ങളിൽ വിരിച്ചു വെച്ചത് ന്യൂജെൻ മനസ്സുകളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയിൽ പോലും “മറ്റാരുമില്ലേ?” എന്ന ചോദ്യമാണ് ന്യൂജെൻ ചോദിച്ചത്. ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാത്തതുകൊണ്ട് തന്നെ ഇതിനൊരു മാറ്റം ആവശ്യമാണെന്ന് ന്യൂജെൻ ചിന്തിച്ചതിന്റെ ബാക്കിപത്രമാണ് യു.ഡി.എഫിന്റെ കൂറ്റൻ വിജയം.
2. സോഷ്യൽ മീഡിയ ഓഡിറ്റിംഗ്
ഭരിക്കുന്ന സർക്കാരുകളെ കൃത്യമായി ഓഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. പലപ്പോഴും അവസാനത്തെ ആറുമാസം ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും കിറ്റ്-പെൻഷനുകളും ഒക്കെ ആയിരിക്കാം ആളുകളെ മുൻകാലങ്ങളിൽ സ്വാധീനിച്ചിട്ടുണ്ടാകുക. എന്നാൽ ഇക്കാലത്ത് സർക്കാരും സർക്കാരിനെ അനുകൂലിക്കുന്നവരും ചെയ്യുന്ന മുഴുവൻ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ വഴി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്.
പത്തുകൊല്ലം മുമ്പ് സർക്കാർ വന്നതുമുതൽ ചെയ്ത മുഴുവൻ കാര്യങ്ങളെയും എത്രമാത്രം ജനദ്രോഹപരമായ കാര്യങ്ങളാണ് ചെയ്തത് എന്നത് മാത്രം അടർത്തിയെടുത്ത് കൊണ്ട്, റീൽ ഉണ്ടാക്കി കഴിഞ്ഞാൽ തന്നെ ജനങ്ങൾ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കുകയും എതിർത്തു വോട്ടു ചെയ്യുകയും ചെയ്യുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ ഇംപാക്റ്റ്.
- കെ-റെയിൽ വിവാദം: കെ-റെയിലിന്റെ പേരിൽ കോടികൾ ചെലവഴിച്ചതും സാധാരണക്കാരന്റെ പറമ്പിലൊക്കെ അവരുടെ അനുവാദമില്ലാതെ മഞ്ഞ കുറ്റികൾ സ്ഥാപിച്ചതും അവയെ എടുത്തു മാറ്റണോ ഒഴിവാക്കണോ എന്നുപോലും അറിയാത്ത ത്രിശങ്കുവിൽ ആയതും ഒക്കെ സോഷ്യൽ മീഡിയ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
- ആരോഗ്യ മേഖലയിലെ വീഴ്ചകൾ: ആരോഗ്യ മേഖലയിൽ സംഭവിക്കുന്ന ചെറിയ പാളിച്ചകൾ പോലും വലിയ വാർത്തകൾ ആയും ഒന്നാന്തരം ട്രോളുകൾ ആയും മാറുന്ന കാലഘട്ടമാണിത്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നതിനു പകരം, അന്താരാഷ്ട്ര അടിസ്ഥാനത്തിൽ ഇത്തരം ഓപ്പറേഷനുകൾ നടക്കുമ്പോൾ മറന്നു വെക്കപ്പെട്ട കത്രികകളുടെ എണ്ണവും ശതമാനവും ഒക്കെ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നത് എല്ലാം ജനം കണ്ടുകൊണ്ടിരിക്കുന്നു.
- പ്രതിഷേധങ്ങളും നടപടികളും: സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ വരുന്ന വീഴ്ചകൾ, കത്രിക മറന്നു വെക്കുക, കഴുത്തിലെ വയർ എടുക്കാൻ പറ്റാത്ത രൂപത്തിലാക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് വകുപ്പ് മേധാവികൾ തന്നെ പരാതി പറയുക, അവർക്കെതിരെ സസ്പെൻഷൻ നടപടികൾ എടുക്കുക ഒക്കെ ജനം ഓഡിറ്റ് ചെയ്തു.
- ആശ-അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം: ആശമാരോടും അങ്കണവാടി ടീച്ചർമാരോടും ചെയ്ത ക്രൂരതകൾ ഒന്നൊന്നായി പുറത്തുവരികയാണ്. പ്രത്യേകിച്ച് അങ്കണവാടി ടീച്ചർമാർക്ക് ഓരോ പ്രദേശത്തുമുള്ള ജനങ്ങളുടെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് നേരിട്ട് ഇടപെടാൻ കഴിയുന്ന സാഹചര്യം ഉണ്ടായപ്പോൾ അവർ അടങ്ങുന്ന പാർട്ടി വിശ്വാസികൾ തന്നെ എതിരാളികൾക്ക് വോട്ട് ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- മറ്റു വിവാദങ്ങൾ: ശബരിമല സ്വർണ വിവാദവും ചെറുതല്ലാത്ത വിഷയങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ജനകീയ സമരങ്ങളെ അടിച്ചമർത്തി ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ ചെറുപ്പക്കാരെ ചതച്ചരച്ചത് സോഷ്യൽ മീഡിയയിലൂടെ കാണുന്ന 30 വയസ്സിന് താഴെയുള്ള ആളുകൾ സ്വാഭാവികമായും രാഷ്ട്രീയം നോക്കാതെ വോട്ടുചെയ്യുമെന്ന് ആലോചിക്കാനുള്ള ഒരു ബുദ്ധി ഉണ്ടാാവണമായിരുന്നു.
3. വർഗീയ കളി തീക്കളി
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈ തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളാപ്പള്ളി യു.ഡി.എഫിന്റെ ഐശ്വര്യം എന്ന രൂപത്തിലുള്ള ട്രോളുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
“ഇരട്ടമുഖമുള്ള രാഷ്ട്രീയക്കാരൻ” എന്ന രൂപത്തിൽ കുപ്രസിദ്ധി നേടിയ ഒരാളാണ് വെള്ളാപ്പള്ളി. ഒരുഭാഗത്ത് ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയെയും ശക്തമായി ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുമ്പോൾ തന്നെ, മകൻ തുഷാർ നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നത് തന്നെയാണ് വെള്ളാപ്പള്ളിയുടെ പ്രശ്നം. സി.പി.എം – ബി.ജെ.പി ഡീലുണ്ട് എന്ന് എതിരാളികളെ കൊണ്ട് പറയിപ്പിക്കാൻ ഉണ്ടായ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശനോടുള്ള ബന്ധമായിരുന്നു.
വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കുന്ന രൂപത്തിലുള്ള ബോധപൂർവ്വമായ ഇടപെടലുകളാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരുന്നത്. മലപ്പുറം ജില്ലയെയും മുസ്‌ലിം സമുദായത്തെയും ലക്ഷ്യംവച്ചുകൊണ്ട് അദ്ദേഹം നടത്തിയ പല പരാമർശങ്ങളും അങ്ങേയറ്റം വിവാദമാകുകയും ചെയ്തു. “മലപ്പുറത്ത് ജനിച്ചാൽ എല്ലാം കിട്ടും” എന്നും മുസ്‌ലിം വിഭാഗത്തിന് അർഹമല്ലാത്ത ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നുമുള്ള തുടരെത്തുടരെയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ മുസ്‌ലിങ്ങളെ മാത്രമല്ല അലോസരപ്പെടുത്തിയത്; മതേതര മനസ്സുള്ള കേരളീയരുടെ മുഴുവൻ മനസ്സിൽ അത് സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ജനവിധി വ്യക്തമാക്കുന്നത്.
മുസ്‌ലിങ്ങൾക്കെതിരെ മാത്രമല്ല, ക്രൈസ്തവ സമുദായത്തിനെതിരെയും വെള്ളാപ്പള്ളി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടേയിരുന്നു. എല്ലാ മേഖലയിലും സർക്കാർ ആനുകൂല്യങ്ങൾ ക്രൈസ്തവ സമൂഹം അനധികൃതമായി കരസ്ഥമാക്കി എന്നുമൊക്കെയുള്ള ആരോപണങ്ങൾ ക്രൈസ്തവ സമൂഹത്തെയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതിശയകരമായ മൗനമായിരുന്നു ഇടതുപക്ഷ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് എന്നതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഇടതുപക്ഷ നയം തന്നെയാണ് വെള്ളാപ്പള്ളി പറയുന്നത് എന്ന പൊതുധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. വെള്ളാപ്പള്ളിയെ പരോക്ഷമായി ന്യായീകരിക്കുന്ന രൂപത്തിൽ സൈബർ ഇടങ്ങളിലും സി.പി.എമ്മിലെ ചില നേതാക്കന്മാർ നടത്തിയ പരാമർശങ്ങൾ അത്യധികം ധ്രുവീകരണത്തിന് കാരണമാകുന്നതായിരുന്നു.
നാട്ടിൽ നടക്കുന്ന സമരങ്ങളുടെ ഒക്കെ കാരണക്കാർ ജമാഅത്തെ ഇസ്‌ലാമി ആണ് എന്നുള്ള രൂപത്തിലുള്ള പ്രചാരണങ്ങളും ഇടതുപക്ഷം നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പ് പോലും പ്രമുഖനായ ഒരു നേതാവ് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കും എന്നും മാറാട് കലാപം ആവർത്തിക്കും എന്നും ഒക്കെയുള്ള വിഷലിപ്തമായ പ്രസ്താവനകൾ നടത്താൻ മടിച്ചില്ല.
ഇവയെല്ലാം ഇടതുപക്ഷത്തിനെതിരെ നിൽക്കണം എന്ന തോന്നൽ മുസ്‌ലിങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ സൂക്ഷ്മ ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിക്കൊണ്ടുള്ള ഇസ്‌ലാമോഫോബിയയുടെ യാഥാർത്ഥ്യം മുസ്ലിം സമുദായം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും പക്വമായി തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഉപസംഹാരം
വർഗീയതയെ ഒരേപോലെ എതിർക്കുക എന്നാക്കണം ജനാധിപത്യ മതേതര സർക്കാരുകളുടെയും പാർട്ടികളുടെയും സമീപനം. അതല്ലാതെ ഒരു വിഭാഗത്തെ എതിർത്താൽ മറ്റേതെങ്കിലും സമുദായത്തിന്റെ പിന്തുണ കിട്ടും എന്നുള്ള ധാരണയിൽ സമുദായ ധ്രുവീകരണം നടത്താൻ തുടങ്ങിയാൽ, വർഗീയവൽക്കരിക്കപ്പെട്ട ആളുകളുടെ വോട്ടുകൾ കൂടുതൽ വർഗീയത പറയുന്നവരിലേക്ക് പോവുകയും ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടുകയും ചെയ്യുമെന്ന് തെളിയിക്കുക കൂടി ചെയ്തു ഈ ജനവിധി.
Leave a Reply